Posts

Showing posts from January, 2020

നമ്മൾ

ഒരേ പുരാതന നക്ഷത്ര ധൂളികൾ നാമിരുവരും, ഒരേ തൂവലിൻ ചിറകുമായ് പാറുന്ന കൂടണയാ പറവകൾ ഒരേ സമുദ്രത്തെ ധ്യാനിച്ചു വേർ പിരിഞ്ഞൊഴുകിയ ജീവ ജലപാതത്തിൻ നിശബ്ദ കൈവഴികൾ നിഴലും നിലാവും വെയിലും വയൽപ്പൂവും നിധി പോൽ ഹൃദയത്തിലേറ്റിയവർ നിത്യതയെന്ന ശിഖരത്തിൻ ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം, നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ, ആർദ്രമാകുന്നു,  ജീവന്റെയാരണ്യകം അകമേ വിരിയുന്നു പാരിജാതം

മലമുകളിൽ

മലമുകളിൽ, മുകിൽ നനവുള്ള മണ്ണിൽ, മാലാഖമാരുടെ കൊലുസുകൾ തിരഞ്ഞലഞ്ഞത്, ആരുടെ കനവിലായിരുന്നു , എന്റെയോ നിന്റെയോ  ? പാതിരാവുദിക്കും വരെ കൈകോർത്തിരുന്നു കഥകൾ പറഞ്ഞതും കവിത മൂളി മലർന്നതും അകലെമിന്നി വിറയ്ക്കുമാകാശ മൂക്കുത്തികൾ നോക്കിയതിശയിച്ചതും ഇരുളിന്റെ പരിമളത്തിൽ പതിയേ, മിഴികൾ കൂമ്പിയടഞ്ഞതും ഉറക്കത്തിന്നടിത്തട്ടിൽ, എന്റെയുള്ളിൽ ചിണുങ്ങിയ, ഉറ്റവരില്ലാത്ത രാത്രിപക്ഷിയെ, നീ ഊഞ്ഞാലാട്ടിയുറക്കിയതും, പുലർച്ചേ, നമ്മെത്തഴുകിയ മാലാഖവിശറികൾ അകന്നകന്നു പോയതും എല്ലാം, നമ്മിലാരുടെ സ്വപ്നമായിരുന്നു ? എന്റെയോ നിന്റെയോ?

അകമേ എരിയുക

ആരെയോ അതിയായി സ്നേഹിച്ചു ഹൃദയം ചോർന്നൊലിക്കുമ്പോൾ, ഏകാകിത്വത്തിന്റെ മരുഭൂവിൽ നിശബ്ദം ചെന്നടിയുക ഒറ്റപ്പെടലിന്റെയുഗ്ര താപത്തിൽ സധൈര്യം വെന്തുരുകുക, കൃതജ്ഞതയുടെ ബാഷ്പധാരയിൽ മോഹമാം മണൽക്കൂനകളലിയിച്ചു കളയുക, ആരുടെയോ വിശുദ്ധ പ്രയാണത്തിലെ, പേരില്ലാത്തൊരു ദീപമാകുവാൻ സ്വയമൊരു സ്നേഹ ജ്വാലയായ് അന്ത്യം വരെയും നിന്നെരിയുക.

അനന്തതയിലേക്ക്...

പാതയോരത്തെ പഴയ സത്രത്തിൽ ആൾത്തിരക്കായിരുന്നു , രാത്രി തങ്ങാനൊരിടം, സൂക്ഷിപ്പുകാരൻ നീയും. മുഖസ്തുതിയും  മുന്തിരിച്ചാറും നൽകി പരിചിത മുഖങ്ങളെ സൽക്കരിച്ചപ്പോൾ, അജ്ഞാതയായ എന്നെ നീ കണ്ടില്ലെന്നു നടിച്ചു. ഉറ്റവർക്കായി നീയാലപിച്ച മധുര ഗീതം, ഹൃദയത്തിലേറ്റിയെങ്കിലും, നിനക്ക് ഞാനെന്റെ പുഞ്ചിരി  നിഷേധിച്ചു. ആർക്കോ വേണ്ടി അണിഞ്ഞൊരുങ്ങിയ വിദൂരതയിലെ ആകാശത്തോടൊപ്പം, അപൂർണയായി ഞാനും നേരം  വെളുപ്പിച്ചു പ്രഭാതമുണരും മുൻപേ, പടിയിറങ്ങിയ  എന്നെയും കാത്ത്, പാതയോരത്തു നീയുണ്ടായിരുന്നു അനന്തതയിലേക്ക്, ഒരുമിച്ചൊരു യാത്ര  തുടങ്ങാൻ..