ഒന്ന്
സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നിരുപദ്രവകാരികളായ തെരുവ് നായ്ക്കളാണ് കൂട്ട്.. പേരിന് പോലും മറ്റൊരു ജീവിയെ കാണാനില്ല..ആനന്ദ് ആറരയോടെയേ എത്തൂ. ഇവിടേയ്ക്കുള്ള ആദ്യ ബസിന്റെ സമയമാണത്. യാത്ര വിചാരിച്ചതിലും കഠിനമായിരുന്നു. വരൾച്ചയുടെ നാട്ടിൽ നിന്നും ഗവേഷണം മതിയാക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രധാന ആശങ്ക തണുപ്പിനെക്കുറിച്ചായിരുന്നു. വിറങ്ങലിച്ചിരിക്കേണ്ടി വന്നു രാത്രി വണ്ടിയിൽ . പ്രതിരോധത്തിനായി എടുത്തണിഞ്ഞതൊന്നും തന്നെ മതിയാവാത്ത അവസ്ഥ. പുറത്ത് മഞ്ഞോ മഴയോ എന്നൊന്നും തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. കൃത്യമായി വിളിച്ചുണർത്താൻ അലാറമുണ്ടായിട്ടും മയങ്ങാൻ കൂട്ടാക്കാതെ, അടഞ്ഞ തീവണ്ടിക്കൂട്ടിൽ, ചൂളം വിളികൾ എണ്ണിയെണ്ണിക്കിടന്നു. ഒറ്റയ്ക്കാണ് എന്ന ബോധം ശക്തമാകുന്നത് ഇത്തരം സമയങ്ങളിലാണ്. ജോലി സംബന്ധമായ പറിച്ചു നടൽ മാത്രമല്ല ഈ വരവിന്റെ ഉദ്ദേശ്യം. ആനന്ദിനെ കാണേണ്ടതു കൊണ്ട് കൂടിയാണ്. വളരെക്കാലമായി അവൻ വിളിക്കുന്നുവെങ്കിലും, ആരോടെങ്കിലും അനുവാദം ചോദിച്ചു വാങ്ങേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടു പോലും, ജോലിക്കാര്യം പറഞ്ഞല്ലാതെ ഇവിടേയ്ക്ക് തുനിഞ്ഞിറങ്ങാൻ പ്ര...