Posts

ഒന്ന്

സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നിരുപദ്രവകാരികളായ തെരുവ് നായ്ക്കളാണ് കൂട്ട്.. പേരിന് പോലും മറ്റൊരു ജീവിയെ  കാണാനില്ല..ആനന്ദ് ആറരയോടെയേ എത്തൂ. ഇവിടേയ്ക്കുള്ള  ആദ്യ ബസിന്റെ  സമയമാണത്.

യാത്ര വിചാരിച്ചതിലും കഠിനമായിരുന്നു.  വരൾച്ചയുടെ നാട്ടിൽ നിന്നും  ഗവേഷണം മതിയാക്കി ഇങ്ങോട്ട് പോരുമ്പോൾ പ്രധാന  ആശങ്ക തണുപ്പിനെക്കുറിച്ചായിരുന്നു.  വിറങ്ങലിച്ചിരിക്കേണ്ടി വന്നു രാത്രി വണ്ടിയിൽ . പ്രതിരോധത്തിനായി എടുത്തണിഞ്ഞതൊന്നും തന്നെ മതിയാവാത്ത അവസ്ഥ. പുറത്ത് മഞ്ഞോ മഴയോ എന്നൊന്നും  തിരിച്ചറിയാനാവുന്നുണ്ടായിരുന്നില്ല. കൃത്യമായി വിളിച്ചുണർത്താൻ അലാറമുണ്ടായിട്ടും മയങ്ങാൻ കൂട്ടാക്കാതെ, അടഞ്ഞ തീവണ്ടിക്കൂട്ടിൽ, ചൂളം വിളികൾ എണ്ണിയെണ്ണിക്കിടന്നു. ഒറ്റയ്ക്കാണ് എന്ന ബോധം  ശക്തമാകുന്നത് ഇത്തരം സമയങ്ങളിലാണ്.

ജോലി സംബന്ധമായ പറിച്ചു നടൽ മാത്രമല്ല ഈ വരവിന്റെ ഉദ്ദേശ്യം. ആനന്ദിനെ കാണേണ്ടതു കൊണ്ട് കൂടിയാണ്.

വളരെക്കാലമായി അവൻ വിളിക്കുന്നുവെങ്കിലും, ആരോടെങ്കിലും അനുവാദം ചോദിച്ചു വാങ്ങേണ്ട ബാധ്യത ഇല്ലാതിരുന്നിട്ടു പോലും, ജോലിക്കാര്യം പറഞ്ഞല്ലാതെ ഇവിടേയ്ക്ക്  തുനിഞ്ഞിറങ്ങാൻ പ്രയാസമായിരുന്നു.
പരിചിതമായ വഴികളിൽ നിന്നും മാറി നടക്കണമെ…

വാസ്തുഹാര - വസ്തുക്കൾ അപഹരിക്കപ്പെട്ടവർ.

സ്കൂളിൽ പഠിക്കുന്ന കാലത്ത്  ദൂരദർശനിൽ മിന്നി മാഞ്ഞൊരു ബോറൻ സിനിമയുടെ  ഓർമ്മപ്പെടുത്തൽ  മാത്രമായിരുന്നു 'വാസ്തുഹാര ' എന്ന പേര്. കാലത്തിനനുസരിച്ചു പുതുക്കപ്പെട്ട കാഴ്ചാ ശീലങ്ങളോടെ, വർഷങ്ങൾക്കിപ്പുറം വീണ്ടും  കാണാനിരുന്നപ്പോൾ,  മുന്നിൽ തെളിഞ്ഞതോ, മനുഷ്യ വ്യഥയും ഹൃദയാർദ്രതയും സമാസമം ചാലിച്ചൊരുക്കിയ മിഴിവാർന്നൊരു  കലാസൃഷ്ടിയാണ്.

അതിർത്തികൾ മാറ്റി വരയ്ക്കുമ്പോൾ പിറവിയെടുക്കുന്ന പുതു രാഷ്ട്രങ്ങൾക്കൊപ്പം, പ്രാണ രക്ഷാർത്ഥം പലായനം ചെയ്യേണ്ടി വരുന്നൊരു ജനതയുണ്ട്, ഏതു കാലത്തും.  അങ്ങനെ കിഴക്കൻ ബംഗാളിൽ നിന്നും കൊൽക്കത്തയിലെ അഭയാർത്ഥി ക്യാമ്പുകളിൽ വന്നടിഞ്ഞ, നഗര പ്രാന്തങ്ങളിലെ കുടിലുകളിലും ഷെഡ്ഡുകളിലും ജീവിതം കരുപ്പിടിപ്പിക്കാൻ വിധിക്കപ്പെട്ട,  ഗതികെട്ട മനുഷ്യരെ  ഓർമ്മിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത് .

അനധികൃത കുടിയേറ്റക്കാരിൽ, പട്ടിക ജാതിയിൽപ്പെട്ടതും, കൃഷി ഉപജീവനമാർഗ്ഗമായതുമായ  കുടുംബങ്ങളെ ആൻഡമാൻ ദ്വീപിലേക്ക് പുനരധിവസിപ്പിക്കാനുള്ള  സർക്കാർ പദ്ധതിയുടെ  നടത്തിപ്പുകാരനാണ് മലയാളിയായ വേണു.
ദ്വീപിലേക്ക് പറിച്ചു നടേണ്ടവരുടെ കണക്കെടുപ്പിൽ,  വേണു കാണുന്ന മുഖങ്ങൾ, ആരോഗ്യവാനായ പുരുഷൻ കുടുംബത്തിലി…

നമ്മൾ

ഒരേ പുരാതന നക്ഷത്ര
ധൂളികൾ നാമിരുവരും,
ഒരേ തൂവലിൻ ചിറകുമായ്
പാറുന്ന കൂടണയാ പറവകൾ

ഒരേ സമുദ്രത്തെ ധ്യാനിച്ചു
വേർ പിരിഞ്ഞൊഴുകിയ
ജീവ ജലപാതത്തിൻ
നിശബ്ദ കൈവഴികൾ

നിഴലും നിലാവും വെയിലും വയൽപ്പൂവും
നിധി പോൽ ഹൃദയത്തിലേറ്റിയവർ

നിത്യതയെന്ന ശിഖരത്തിൻ
ഇത്തിരിപ്പോന്നൊരു തൂവൽക്കൂട്ടിൽ
നാമുപേക്ഷിച്ച പരിഭവ മഞ്ഞു കണം,
നേർത്തൊരു ചാറ്റലായ് പെയ്തൊഴിയവേ,

ആർദ്രമാകുന്നു,  ജീവന്റെയാരണ്യകം
അകമേ വിരിയുന്നു പാരിജാതംമലമുകളിൽ

മലമുകളിൽ,
മുകിൽ നനവുള്ള മണ്ണിൽ, മാലാഖമാരുടെ
കൊലുസുകൾ തിരഞ്ഞലഞ്ഞത്,
ആരുടെ കനവിലായിരുന്നു ,
എന്റെയോ നിന്റെയോ  ?
പാതിരാവുദിക്കും വരെ
കൈകോർത്തിരുന്നു കഥകൾ പറഞ്ഞതും
കവിത മൂളി മലർന്നതും
അകലെമിന്നി വിറയ്ക്കുമാകാശ
മൂക്കുത്തികൾ നോക്കിയതിശയിച്ചതും
ഇരുളിന്റെ പരിമളത്തിൽ
പതിയേ, മിഴികൾ കൂമ്പിയടഞ്ഞതും
ഉറക്കത്തിന്നടിത്തട്ടിൽ,
എന്റെയുള്ളിൽ ചിണുങ്ങിയ,
ഉറ്റവരില്ലാത്ത രാത്രിപക്ഷിയെ,
നീ ഊഞ്ഞാലാട്ടിയുറക്കിയതും,
പുലർച്ചേ, നമ്മെത്തഴുകിയ മാലാഖവിശറികൾ
അകന്നകന്നു പോയതും
എല്ലാം, നമ്മിലാരുടെ സ്വപ്നമായിരുന്നു ?
എന്റെയോ നിന്റെയോ?

അകമേ എരിയുക

ആരെയോ അതിയായി സ്നേഹിച്ചു
ഹൃദയം ചോർന്നൊലിക്കുമ്പോൾ,
ഏകാകിത്വത്തിന്റെ മരുഭൂവിൽ
നിശബ്ദം ചെന്നടിയുക

ഒറ്റപ്പെടലിന്റെയുഗ്ര താപത്തിൽ
സധൈര്യം വെന്തുരുകുക,
കൃതജ്ഞതയുടെ ബാഷ്പധാരയിൽ
മോഹമാം മണൽക്കൂനകളലിയിച്ചു കളയുക,

ആരുടെയോ വിശുദ്ധ പ്രയാണത്തിലെ,
പേരില്ലാത്തൊരു ദീപമാകുവാൻ
സ്വയമൊരു സ്നേഹ ജ്വാലയായ്
അന്ത്യം വരെയും നിന്നെരിയുക.

അനന്തതയിലേക്ക്...

പാതയോരത്തെ
പഴയ സത്രത്തിൽ ആൾത്തിരക്കായിരുന്നു ,
രാത്രി തങ്ങാനൊരിടം,
സൂക്ഷിപ്പുകാരൻ നീയും.
മുഖസ്തുതിയും  മുന്തിരിച്ചാറും
നൽകി പരിചിത മുഖങ്ങളെ സൽക്കരിച്ചപ്പോൾ,
അജ്ഞാതയായ എന്നെ നീ കണ്ടില്ലെന്നു നടിച്ചു.
ഉറ്റവർക്കായി നീയാലപിച്ച
മധുര ഗീതം, ഹൃദയത്തിലേറ്റിയെങ്കിലും,
നിനക്ക് ഞാനെന്റെ
പുഞ്ചിരി  നിഷേധിച്ചു.
ആർക്കോ വേണ്ടി അണിഞ്ഞൊരുങ്ങിയ വിദൂരതയിലെ ആകാശത്തോടൊപ്പം,
അപൂർണയായി ഞാനും
നേരം  വെളുപ്പിച്ചു
പ്രഭാതമുണരും മുൻപേ,
പടിയിറങ്ങിയ  എന്നെയും കാത്ത്,
പാതയോരത്തു നീയുണ്ടായിരുന്നു
അനന്തതയിലേക്ക്, ഒരുമിച്ചൊരു യാത്ര  തുടങ്ങാൻ..

അവനും അവളും (3)

ആറു മണിയുടെ കലപിലകളിൽ തനിയെ ഉണർന്നു...
അടുത്ത് അമ്മയിരുപ്പുണ്ടായിരുന്നു.. ഈ മുറിയിൽ താഴെ വിരിച്ചുള്ള അമ്മയുടെ കിടപ്പു ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയപ്പോൾ തുടങ്ങിയതാണ്. അക്കാലത്തെ പാതി ഓർമകളെ എനിക്കുള്ളൂ.. ഇത്തിരി ബോധം വന്നു എന്നത് കൊണ്ട് മാത്രം വീട്ടിലേക്കു തിരികെ വരാൻ ഭാഗ്യമുണ്ടായെന്ന് പറയാം... അമ്മയുടെ ഓരോ നിമിഷവും എനിക്ക് ചുറ്റുമായിരുന്നു. എങ്ങനെയെങ്കിലും എന്നേ പഴയ ഞാനാക്കാൻ കൊണ്ടു പിടിച്ച ശ്രമം. ഒരുപക്ഷെ ആ വിധം മുന്നോട്ട് പോയിരുന്നെങ്കിൽ അമ്മ ആഗ്രഹിക്കും പോലെ ഞാൻ സുഖപ്പെട്ടേനെ.. നിർദ്ദയം ചിലർ പറഞ്ഞ വാക്കുകൾ, അമ്മയുടെ ശക്തി മുഴുവനും ചോർത്തിക്കളഞ്ഞു.  എത്രയോ  രാത്രികൾ  അമ്മയുടെ കണ്ണുനീരായിരുന്നു എനിക്ക് താരാട്ട്..പിന്നീട്
 കല്ല് പോലുള്ള അകവും മുഖവുമായി അമ്മ എല്ലാത്തിനെയും നേരിട്ടു.. എന്നെയും.
ഇന്നിപ്പോൾ  അമ്മ കരഞ്ഞു കൊണ്ട് എന്നേ തന്നെ നോക്കിയിരിക്കുകയായിരുന്നു .. നെറ്റിയിൽ ഒരുമ്മ തന്നിട്ട് എന്റെ മോൾ മിടുക്കിയാണെന്നും പറഞ്ഞു പോയി...വീണ്ടും എന്റെ കൺപീലികൾ നനഞ്ഞൊട്ടി..
.....
ഈ ദിവസത്തെക്കുറിച്ച് എനിക്കേറെ പ്രതീക്ഷകൾ ഉണ്ട്.... ഹൃദയ താളത്തിനൊപ്പം എന്റെയിന്ദ്രിയങ്ങളും നൃത്തം വെച്ചു ത…